തൊടുപുഴ: നഗരസഭാ ഓഫീസില്‍ ജോലിസമയത്തിനിടെ മുങ്ങുന്ന ചില ഓഫീസ് അറ്റന്ഡര്മാര്ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കൗണ്‍സിലില്‍ തീരുമാനം. തൊഴില്‍ നികുതി നോട്ടീസ് വിതരണം ചെയ്യുന്ന നഗരസഭയിലെ ചില ഓഫീസ് അറ്റന്ഡര്മാരുമായി ബന്ധപ്പെട്ട പരാതികളാണ് കൗണ്‍സിലില്‍ ചര്‍ച്ചയായത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനം കൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിനിടെയാണ് വിഷയം ചര്‍ച്ചയായത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ആരോപണ വിധേയരായ ഓഫീസ് അറ്റന്‍ഡര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ നിയന്ത്രണം സെക്രട്ടറിയുടെ ചുമതലയാണെന്നിരിക്കെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലേക്ക് ഒഎമാരെ വിളിച്ചത് ഏത് നിയമപ്രകാരമാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും മറുപടി പറയണമെന്നും ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പറഞ്ഞത് തര്‍ക്കത്തിനിടയാക്കി.
ഒഎമാര് നോട്ടീസ് വിതരണം കൃത്യമായി നടപ്പാക്കുന്നില്ലെന്നും ഉച്ചയ്ക്കുശേഷം വീട്ടില്‍ പോകുകയാണെന്നും തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ വൈസ് ചെയര്മാന് കെ. ദീപക് മറുപടി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരെ വിളിച്ചുവരുത്തിയത്. യോഗത്തില്‍ അവര്‍ ചെയര്‍പേഴ്സണോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഉച്ചകഴിഞ്ഞ് വരേണ്ടെന്ന് പറഞ്ഞതായാണ് അറിഞ്ഞത്. അത്തരമൊരു തിരുത്തല്‍ കൊടുത്തത് ശരിയായില്ലെന്നും ഇക്കാര്യത്തില്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും കൃത്യവിലോപം കാണിച്ച ഒഎമാര്ക്കെതിരേ നടപടിയെടുക്കണമെന്നും ദീപക് പറഞ്ഞു.
ഇതോടെ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി വൈസ് ചെയര്മാന് പിന്തുണയുമായെത്തി. ലീഗിലെയടക്കമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇക്കാര്യത്തോട് അനുകൂലിച്ചു. ഒഎമാര്ക്കതിരേ കര്‍ശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസിലെ നിഷ സോമന് പറഞ്ഞു. ഇവര്‍ക്കെതിരേ എന്ത് നടപടിയെടുക്കുമെന്ന് അറിഞ്ഞിട്ടേ ഇരിക്കൂവെന്ന് പറഞ്ഞ് രാജേഷ് ബാബു എഴുന്നേറ്റുനിന്നു. ചെയര്‍പേഴ്സണ്‍ ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് ലീഗ് കൗണ്‍സിലര്‍ സഫിയ ജബ്ബാറും കുറ്റപ്പെടുത്തി. വികസനകാര്യങ്ങളില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും യോജിച്ച് മുന്നോട്ടുപോകണമെന്നും ഉദ്യോഗസ്ഥരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയും ഒരുമിച്ച് കൊണ്ടുപോകാനാകണമെന്നും സഫിയ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ തെറ്റുകാണിച്ചാല്‍ ചോദിക്കണമെന്നും ഏഴു മാസത്തിനിടെ രാഷ്ട്രീയ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫിലെ കെ.കെ. ഷിംനാസ് പറഞ്ഞു. ടി.കെ. സുധാകരന് നായര്‍, ബഷീര്‍ ഇബ്രാഹിം, ആര്. ഹരി, രേണുക രാജശേഖരന്, വിഷ്ണു കെ. ശശി തുടങ്ങി നിരവധി പേര് ഇതേ അഭിപ്രായങ്ങളുമായെത്തി. കോടികളുടെ പദ്ധതികള്‍ അംഗീകരിക്കപ്പെടേണ്ട കൗണ്‍സില്‍ ദിവസം ഒന്നര മണിക്കൂറിലേറെ ഈ വിഷയം ചര്‍ച്ചയാക്കിയതിന് ചെയര്‍പേഴ്സണെ ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ഇത്തരമൊരു യോഗം വിളിച്ചത് താനോ സെക്രട്ടറിയോ അറിഞ്ഞില്ലെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധികാരങ്ങളില്‍ കൈകടത്താറില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ യോഗത്തിന്റെ നോട്ടീസ് തലേന്ന് ചെയര്‍പേഴ്സന്റെ മേശപ്പുറത്ത് വച്ചിരുന്നതായി ദീപക് അറിയിച്ചു. മറ്റു കൗണ്‍സിലര്‍മാരും അദ്ദേഹത്തിനൊപ്പം നിന്നതോടെ സംഭവത്തില്‍ അന്വേഷണത്തിന് ജനറല്‍ സൂപ്രണ്ടിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പ്രാഥമികമായി വിശദീകരണം തേടാനും തീരുമാനിച്ചു. ഇതിനിടെ നഗരസഭയില്‍ ഏഴു മാസമായിട്ടുംസെക്രട്ടറിയടക്കം പ്രധാനപ്പെട്ട തസ്തികകളില്‍ ഉദ്യോഗസ്ഥരെ എത്തിക്കാനായിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
പുല്ലും കാടുവെട്ടലുമല്ലാതെ മറ്റൊരു വികസനവുമില്ല. അധികവരുമാനം ലഭിക്കുന്ന ഒരു പദ്ധതിപോലും രൂപീകരിക്കാനായിട്ടില്ലെന്നും കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് നഗരസഭ പോകുന്നതെന്നും അഭിപ്രായമുയര്‍ന്നു. നഗരത്തിലെ തെരുവുവിളക്കുമായി ബന്ധപ്പെട്ട് ഇന്നലെയും ചര്‍ച്ച നടന്നു.